കേരളത്തിലങ്ങോളമുള്ള 20 കലാകാരന്മാരുടെ ഒരു സംഘം അവശ്യ ദുരന്ത മുന്നൊരുക്ക നടപടികൾ ചിത്രീകരിക്കുന്ന ആകർഷകമായ ചുവർചിത്രങ്ങൾ വരക്കുന്നു.
വയനാട് (ഫെബ്രുവരി 22, 2025) - ദുരന്ത മുന്നൊരുക്കത്തെക്കുറിച്ചുള്ള അവശ്യ വിവരങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വയനാട്ടിൽ മൂന്ന് ദിവസത്തെ ചുമർചിത്രരചനാ പരിപാടി സംഘടിപ്പിച്ചു. ഹ്യൂമെയ്ൻ വേൾഡ് ഫോർ അനിമൽസ് ഇന്ത്യ (മുൻപ് ഹ്യൂമെയ്ൻ സൊസൈറ്റി ഇന്റർനാഷണൽ/ഇന്ത്യ) ഫയർഫ്ലൈസ് എൻജിഒയുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും പിന്തുണയോടെ നടന്ന ചുമർചിത്രരചന; മൃഗസംരക്ഷണ വകുപ്പ് ഓഫീസ്, ഇ.കെ. നായനാർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാൾ എന്നിവയുൾപ്പെടെ രണ്ട് സ്ഥലങ്ങളിലാണ് നടന്നത്.
ഫയർഫ്ളൈസ് എന്ന സന്നദ്ധസേവക സംഘത്തിലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 കലാകാരന്മാർചേർന്നാണ് പ്രധാന ദുരന്ത തയ്യാറെടുപ്പ് നടപടികൾ ചിത്രീകരിക്കുന്ന ആകർഷകമായ ചുമർചിത്രങ്ങൾ വരച്ചത്. മൃഗങ്ങൾക്കായി അടിയന്തര മെഡിക്കൽ കിറ്റുകൾ മുൻകൂട്ടി തയ്യാറാക്കൽ, അടിയന്തര ഘട്ടങ്ങളിൽ മൃഗങ്ങളെ കെട്ടഴിച്ചു നിർത്തൽ, രക്ഷപ്പെടാനുള്ള വഴികൾ തിരിച്ചറിയൽ, മറ്റ് പ്രതിരോധ നടപടികൾ നടപ്പിലാക്കൽ തുടങ്ങിയ നിർണായക രീതികൾ എന്നിവയാണ് ഈ ചുവർചിത്രങ്ങളിൽ ഉൾപ്പെട്ടിരുന്നത്.
പ്രദേശവാസികൾ, വിദ്യാർത്ഥികൾ, കലാപ്രവർത്തനങ്ങളിലും ദുരന്ത-മുന്നൊരുക്കവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതുമായ മറ്റ് പ്രതിനിധികൾ തുടങ്ങിയവർ ഈ പരിപാടിയിൽ സംബന്ധിച്ചു. “വിദ്യാഭ്യാസത്തിനുള്ള ഒരു മാധ്യമമായി കലയെ ഉപയോഗിക്കുന്നത് അവബോധം സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും ആകർഷകവും ഫലപ്രദവുമായ മാർഗമാണ്. ഈ ചുവർചിത്രരചനാ പരിപാടിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റുക മാത്രമല്ല വേഗത്തിലുള്ള ദുരന്തനിവാരണത്തിന്റെയും ദുരന്ത- മുന്നൊരുക്കത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിന് ഒരു ശക്തമായ ദൃശ്യ-ഓർമ്മപ്പെടുത്തൽ നൽകുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള സന്നദ്ധപ്രവർത്തകരെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഈ പരിപാടി സാമൂഹിക അവബോധം വളർത്തിയെടുക്കുകയും ദുരന്ത മുന്നൊരുക്കവുമായി ബന്ധപ്പെട്ട പഠനത്തിനും സന്നദ്ധസേവനത്തിനും അവസരങ്ങൾ നൽകിക്കൊണ്ട് യുവാക്കളെ സജീവമായി ഉൾപ്പെടുത്തുകയും ചെയ്യുന്നു"ഹ്യൂമെയ്ൻ വേൾഡ് ഫോർ അനിമൽസ് ഇന്ത്യയിലെ ദുരന്ത പ്രതികരണത്തിന്റെയും ദുരിതാശ്വാസത്തിന്റെയും കോർഡിനേറ്റർ നയന സ്കറിയ പറഞ്ഞു.
കഴിഞ്ഞ 7 വർഷമായി ഹ്യൂമെയ്ൻ വേൾഡ് ഫോർ അനിമൽസ് ഇന്ത്യ, ദുരന്ത പ്രതികരണം, തയ്യാറെടുപ്പ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കേരളത്തിൽ ശ്രദ്ധേയമായ സാന്നിധ്യം നേടിയിട്ടുണ്ട്. 2024-ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ 200-ലധികം മൃഗങ്ങൾക്കുവേണ്ട സഹായമെത്തിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ മൃഗസംരക്ഷണത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് ഞങ്ങളുടെ സംഘം ഒരു വലിയ മൃഗ രക്ഷാപ്രവർത്തനത്തിന് കാരണമായി. മറ്റ് തല്പര സംഘടനകളുമായി ചേർന്ന് ഹ്യൂമെയ്ൻ വേൾഡ് ഫോർ അനിമൽസ് ഇന്ത്യ വയനാടിനെ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ; ഒരു ദുരന്ത പ്രതിരോധശേഷിയുള്ള ജില്ലയാക്കാൻ ശ്രമിക്കുന്നു. ഈ ശ്രമത്തിന്റെ ഭാഗമായി പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളിൽ മൃഗങ്ങളെയും അവയെ ആശ്രയിക്കുന്ന കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി സാമൂഹികാംഗങ്ങൾക്കും കുടുംബശ്രീ പോലുള്ള സ്വയം സഹായ ഗ്രൂപ്പുകൾക്കും പ്രളയ മുന്നൊരുക്ക പരിശീലനം നടത്തിയിട്ടുണ്ട്. ഈ നടപടികളിലൂടെ സമൂഹത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനകളുടെയും ശേഷി ശക്തിപ്പെടുത്തുന്നു. ഇതുവഴി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ മൃഗസംരക്ഷണ സംഘടന ശ്രമിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട വീഡിയോ, ഫോട്ടോ എന്നിവ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-
മീഡിയ കോൺടാക്റ്റ്: ശൈലി ഷാ, 6358913485; sshah@hsi.org
ഓൺ-ഗ്രൗണ്ട് കോൺടാക്റ്റ്: നയന സ്കറിയ: +91 85909 54656, nscaria@hsi.org
#ഹ്യൂമെയ്ൻ വേൾഡ് ഫോർ അനിമൽസ് ഇന്ത്യ എന്ന സംഘടനയെക്കുറിച്ച്
ശാശ്വതമായ മാറ്റം സൃഷ്ടിക്കുന്നതിനായി മൃഗങ്ങളോടുള്ള ക്രൂരതയുടെയും അവയുടെ ദുരിതത്തിന്റെയും മൂലകാരണങ്ങൾ കണ്ടെത്തി ഞങ്ങൾ അവ കൈകാര്യം ചെയ്യുന്നു. 50-ലധികം രാജ്യങ്ങളിൽ ദശലക്ഷക്കണക്കിനുള്ള പിന്തുണക്കാരുടെയും പ്രവർത്തനങ്ങളുടെയും സഹായത്തോടെ ഹ്യൂമെയ്ൻ വേൾഡ് ഫോർ അനിമൽസ്- (മുൻപ് ഹ്യൂമെയ്ൻ സൊസൈറ്റി ഇൻ്റർനാഷണൽ എന്ന് വിളിക്കപ്പെട്ടിരുന്നത്) മൃഗങ്ങളോടുള്ള ക്രൂരതയുടെയും അവയുടെ ദുരിതത്തിന്റെയും ഏറ്റവും ആഴത്തിൽ വേരൂന്നിയ രൂപങ്ങളെ അഭിസംബോധന ചെയ്യുന്നു. മൃഗസംരക്ഷണ മേഖലയിലെ മുൻനിര ശബ്ദമെന്ന നിലയിൽ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനും പ്രതിസന്ധിയിലായ മൃഗങ്ങളെ പരിപാലിക്കാനും ശക്തമായ ഒരു മൃഗസംരക്ഷണ പ്രസ്ഥാനം കെട്ടിപ്പടുക്കാനും ഞങ്ങൾ പ്രവർത്തിക്കുന്നു. 'കൂടുതൽ മനുഷ്യത്വമുള്ള ലോകം' എന്ന പേരിലൂടെ ഏറ്റവും ശക്തമായ ആഗോള താല്പര്യത്തിലേക്ക് നീങ്ങുമ്പോൾ ഈ പേരിന് പിന്നിലെ ഉദ്ദേശം നിറവേറ്റാനും ഞങ്ങൾ ലക്ഷ്യമിടുന്നു.